---
title: "'ഞാനൊരു തെറ്റും ചെയ്തിട്ടില്ല....പെട്ടുപോയതാണ്, കീർത്തന നുണ പറയുന്നു'; വടകര എം.ഡി.എം.എ കേസ് പ്രതിയായ അധ്യാപിക കോടതിയില്‍, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു"
english_title: "Vadakara MDMA Case: Teachers Remanded To Police Custody Till Tomorrow 4 PM"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379328/ vadakara-mdma-case-teachers-police-custody"
published_at: "2026-08-20T13:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86b75b358b0_vadakara-mdma-case-teachers-police-custody.jpg"
keywords: ["Vadakara MDMA Case", "MDMA Case", "Operation Toofan", "Teacher Arrest", "Drug Racket"]
---

# 'ഞാനൊരു തെറ്റും ചെയ്തിട്ടില്ല....പെട്ടുപോയതാണ്, കീർത്തന നുണ പറയുന്നു'; വടകര എം.ഡി.എം.എ കേസ് പ്രതിയായ അധ്യാപിക കോടതിയില്‍, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

> **Lead Summary:** കോഴിക്കോട് : വടകര എംഡിഎംഎ കേസിൽ പ്രതികളായ അധ്യാപികമാരെ പോലീസ് കസ്റ്റഡിയിൽവിട്ടു. പ്രതികളായ കാവ്യ, നീഷ്മ എന്നിവരെയാണ് രണ്ടുദിവസത്തേക്ക് വടകര എൻഡിപിഎസ് കോടതി കസ്റ്റഡിയിൽവിട്ടത്.

## Article Content

കോഴിക്കോട് : വടകര എംഡിഎംഎ കേസിൽ പ്രതികളായ അധ്യാപികമാരെ പോലീസ് കസ്റ്റഡിയിൽവിട്ടു. പ്രതികളായ കാവ്യ, നീഷ്മ എന്നിവരെയാണ് രണ്ടുദിവസത്തേക്ക് വടകര എൻഡിപിഎസ് കോടതി കസ്റ്റഡിയിൽവിട്ടത്.

പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അതിനാൽ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടത്.

അതേസമയം, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസിൽ പെട്ടുപോയതാണെന്നും കാവ്യ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികരണം. കേസിലെ മറ്റൊരു പ്രതിയായ കീർത്തന പറയുന്നതൊന്നും വിശ്വസിക്കരുതെന്നും യാഥാർഥ്യം അതൊന്നുമല്ലെന്നും അവർ പറഞ്ഞു. 

അധ്യാപികമാര്‍ ഉള്‍പ്പെട്ട ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ കായിക അധ്യാപിക കീര്‍ത്തനയാണ് മുഖ്യകണ്ണിയെന്നാണ് പൊലീസിന്റെ നിലപാട്. മറ്റ് അധ്യാപകരെ ലഹരിമാഫിയയിലേക്ക് അടുപ്പിച്ചത് ഇവരാണെന്നും കുട്ടികളെ ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്ന് സംശയിക്കുന്നതായും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

പേരാമ്പ്ര ബി.ആര്‍.സിയിലെ കായിക അധ്യാപികയായ കീര്‍ത്തന വെറുമൊരു അധ്യാപികയല്ലെന്നാണ് എസ്.ഐ.ടി ആവര്‍ത്തിക്കുന്നത്. ലഹരി ഇടപാടുകളുടെ മുഖ്യ കണ്ണിയാണ് കീര്‍ത്തന എന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.

കേസില്‍ ജയിലില്‍ കഴിയുന്ന അധ്യാപികമാരായ കാവ്യ, ലീഷ്മ എന്നിവരെ ലഹരി ഇടപാടുകളിലേക്ക് കൊണ്ടുവന്നത് കീര്‍ത്തനയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. കീര്‍ത്തനയുടെ അക്കൗണ്ടില്‍ നിന്ന് അധ്യാപകരുടെയും കേസിലെ ഒന്നാം പ്രതിയായ സഫ്‌വാന്‍ അടക്കമുള്ള പ്രതികളുടെ അക്കൗണ്ടുകളിലേക്കും പണമിടപാട് നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കൂടാതെ ലഹരി ഇടപാടുകളിലെ മുഖ്യപ്രതികളുമായി നടത്തിയ ചാറ്റുകളും ഫോട്ടോകളും കീര്‍ത്തനയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയെന്നും കസ്റ്റഡി അപേക്ഷയില്‍ വിശദീകരിക്കുന്നു. എന്നാല്‍ ലഹരി ഇടപാടില്‍ പങ്കില്ലെന്നാണ് കീര്‍ത്തനയുടെ നിലപാട്.

കാവ്യയുമായുള്ള പണമിടപാട് മകന്റെ ചികിത്സയ്ക്കായി കടം വാങ്ങിയതും ചിട്ടിയുമായി ബന്ധപ്പെട്ടതുമാണെന്ന് അവര്‍ അവകാശപ്പെട്ടു. കേസില്‍ എം.ഡി.എം.എയുമായി അറസ്റ്റിലായ സഫ്‌വാന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നുവെന്ന് ഇവര്‍ സമ്മതിച്ചതായും അന്വേഷണ സംഘം സൂചിപ്പിച്ചു.

അതേസമയം, മുഖ്യപ്രതിയായ വയനാട് പുല്‍പ്പള്ളി സ്വദേശിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളുടെ പുതിയ ഫോണ്‍ നമ്പര്‍ അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

അറസ്റ്റിലായ അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ, ഇരിട്ടി സ്വദേശി ജിജിന്‍ കുര്യക്കോസ് എന്നിവരുടെ ബോസിനായാണ് പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ ശക്തമാക്കിയത്. എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ ഈ ആള്‍ അധ്യാപികമാരുടെ അറസ്റ്റോടെ ഒളിവില്‍ പോയതായാണ് വിവരം.

ഫോണും ഇയാള്‍ ഉപയോഗിക്കുന്നില്ല. ജിജിനുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. വലിയ തോതില്‍ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. ഇയാള്‍ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം.

ഉടന്‍ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ പ്രതി ചേര്‍ത്ത ശേഷം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ജിജിന്‍ ബാങ്ക് വഴി പണം അയച്ച അക്കൗണ്ടുകളുടെ പരിശോധന പുരോഗമിക്കുകയാണ്. ഈ അക്കൗണ്ടുകളുടെ യഥാര്‍ഥ ഉടമകളെ കണ്ടെത്താനാണ് ശ്രമം.

അറസ്റ്റിലായവരുടെ പങ്കാളിത്തം സംബന്ധിച്ച ബാങ്ക് രേഖകളടക്കമുള്ള തെളിവുകളുടെ ക്രോഡീകരണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് എസ്.ഐ.ടി നല്‍കുന്ന സൂചന.

**English Summary:**

In the Vadakara MDMA case, teachers arrested have been remanded to police custody till 4 PM tomorrow. Police told court that physical education teacher Keerthana is the key link who allegedly introduced other teachers to the drug network. Kavya claimed innocence and accused Keerthana of lying. The SIT also reported financial transactions from Keerthana's account to other accused and seized chats and photos. The main accused from Wayanad is absconding, and a lookout notice is being considered.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379328/ vadakara-mdma-case-teachers-police-custody)